Friday 25 October 2013

ആപേക്ഷികത...

പ്രപഞ്ചം എന്ന വാക്കിന്റെ അര്‍ത്ഥ വ്യാപ്തിയെ കുറിച്ച്  എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ?? ശാസ്ത്ര ലോകത്ത് വിസ്മയം തീര്‍ത്ത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ തന്റെ ആപേക്ഷികതാസിദ്ധാന്തം മുന്നോട്ട് വെച്ചതോടെ absolute എന്ന വാക്ക് ഉപയോഗിക്കാന്‍ ശാസ്ത്രകാരന്മാര്‍ക്ക് പോലും ഭയമാണ്. പ്രപഞ്ചം എന്ന പദം തികച്ചും ആപേക്ഷികമാണ്. എന്താണ് ആപേക്ഷികത (relativity) ?? ഒരു വസ്തുവിന്റെ വലിപ്പം (size) തന്നെ എടുക്കുക. തറയില്‍ കിടക്കുന്ന ഒരു കല്ല്‌ അതില്‍ പറ്റിയിരിക്കുന്ന മണല്‍ത്തരിയെ അപേക്ഷിച്ച് വളരെ വലുതായി കണക്കാക്കപ്പെടുമെങ്കില്‍ ഒരു പാറയെ അപേക്ഷിച്ച് കല്ല്‌ എത്രത്തോളം ചെറുതാണ്. അതായത്, കല്ലിന്റെ വലിപ്പം ആപേക്ഷികമാണ്. ഇതേ പോലെയാണ് പ്രപഞ്ചവും. ആധുനിക ശാസ്ത്ര ശാഖകളുടെ ഉല്‍ഭവത്തിനു വളരെ കാലം മുന്‍പ് ജീവിച്ചിരുന്ന ആദിമ മനുഷ്യരെ സംബന്ധിച്ചിടത്തോളം, പ്രപഞ്ചം എന്നാല്‍ തങ്ങളുടെ വാസസ്ഥലവും അതിലുള്ള പദാര്‍ഥങ്ങളും (matter) ഊര്‍ജവുമായിരിക്കും (energy). എന്നാല്‍, കാലങ്ങള്‍ കഴിഞ്ഞതോടെ, ശാസ്ത്രം പുരോഗമിച്ചതോടെ, പ്രപഞ്ചത്തിന്റെ അര്‍ത്ഥ വ്യാപ്തിയും വര്‍ദ്ധിച്ചു. സൂര്യന്‍, ചന്ദ്രന്‍, ഗ്രഹങ്ങള്‍, മറ്റ് ഉപഗ്രഹങ്ങള്‍, മറ്റ് നക്ഷത്രങ്ങള്‍, ശൂന്യാകാശം, ഗ്യലക്സികള്‍, മറ്റ് പദാര്‍ഥങ്ങളും ഊര്‍ജവും എല്ലാം അടങ്ങുന്നതാണ് നാം ഇന്ന്‍ വിശേഷിപ്പിക്കുന്ന പ്രപഞ്ചം(universe). ഈ വിശേഷണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള പലതും നാം കാണുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ല. എങ്കില്‍ കൂടി, എന്റെ പ്രപഞ്ചത്തില്‍ ഇവയെല്ലാം ഉള്‍പ്പെടുന്നു എന്ന്‍ നാം വിശ്വസിക്കുകയും ശാസ്ത്രത്തിന്റെ സഹായത്തോടെ തെളിയിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍, ഇത്ര മാത്രം. പ്രപഞ്ചം എന്നത് കാലഘട്ടത്തിനനുസരിച്ച് ആപേക്ഷികമാണ് [സമയം (time) തന്നെ ആപേക്ഷികമാണ് എന്നുള്ളത് മറ്റൊരു വസ്തുത!!]. Albert Einstein എന്ന ശാസ്ത്രകാരന്റെ തലയില്‍ ഉദിച്ച "ആപേക്ഷികത" എന്ന പ്രതിഭാസത്തെ മുന്‍ നിര്‍ത്തി മാത്രമേ പ്രപഞ്ചത്തെ കുറിച്ചുള്ള പഠനങ്ങള്‍ മുന്നോട്ട് പോവുകയുള്ളൂ. 19 ആം നൂറ്റാണ്ടിന്റെ അവസാനം വരെ നിലനിന്നിരുന്ന ശാസ്ത്ര സങ്കല്പങ്ങളെ തകര്‍ത്തെറിഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ പുതിയ കണ്ടെത്തലുകളെ അവതരിപ്പിച്ചത്. ഒരുപാട് ശാസ്ത്രജ്ഞര്‍ തങ്ങളുടെ സമ്പത്തും ആയുസ്സും ചെലവഴിച്ചു കണ്ടെത്തിയ സംഗതികളെയൊക്കെ നിഷ്പ്രഭമാക്കിയെങ്കിലും   ആധുനിക പ്രപഞ്ച ഗവേഷകര്‍ക്ക് ഒരുപാട് സംഭാവനകള്‍ നല്‍കാന്‍ ഈ മനുഷ്യന്റെ തലച്ചോറിനു സാധിച്ചു എന്നത് മറക്കാനാവാത്ത ഒരു വസ്തുതയാണ്...